കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ, 1998

From Panchayatwiki
Jump to navigation Jump to search

1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 545/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,

(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങളോടു ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു;

(സി) 'പഞ്ചായത്ത്' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;

(ഡി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(ഇ) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു

(എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.

3. ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ പഞ്ചായത്ത് ഏർപ്പെടുത്തണമെന്ന്.-(1) ശവം മറവു ചെയ്യാനും ദഹിപ്പിക്കാനും വേണ്ടത്ര വ്യവസ്ഥ നിലവിലില്ലെങ്കിൽ ഏതൊരു പഞ്ചായത്തിനും, ജില്ലാ കളക്ടറുടെ മുൻകൂർ അനുവാദത്തോടുകൂടി, ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിനുള്ള സ്ഥലങ്ങളോ ശ്മശാനങ്ങളോ ആയി ഉപയോഗിക്കുന്നതിനുള്ള ഭൂമി പഞ്ചായത്ത് ഫണ്ടിൽ നിന്നും ചെലവ് ചെയ്ത് ഏർപ്പെടുത്താവുന്നതും, അവ ഉപയോഗിക്കുന്നതിന് പഞ്ചായത്ത് നിശ്ചയിക്കും പ്രകാരം വാടകയും ഫീസും ചുമത്താവുന്നതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരം സ്ഥലം ഏർപ്പെടുത്തുന്നതിനുള്ള മുൻകൂർ അനുവാദത്തിനായുള്ള പഞ്ചായത്തിന്റെ അപേക്ഷ ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായസഹിതം ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടതും അപ്രകാരമുള്ള അനുവാദം നൽകുന്നതിനു മുൻപായി, പൊതുജനാരോഗ്യത്തെ മുൻനിർത്തി ശ്മശാനത്തിനായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തിന്റെ അനുയോജ്യതയെ സംബന്ധിച്ച ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായത്തിന് ജില്ലാ കളക്ടർ മതിയായ പരിഗണന നൽകേണ്ടതാണ്.

(3) (1)-ാം ഉപചട്ടപ്രകാരമുള്ള വാടകയും, ഫീസും പിരിക്കുന്നത്, ഒരു സമയത്ത് മൂന്നു വർഷ ത്തിൽ കവിയാത്ത ഏത് കാലത്തേക്കും പഞ്ചായത്തിന് യുക്തമെന്നു തോന്നുന്ന നിബന്ധനകളിൻമേലും ഉപാധികളിൻമേലും ഏതെങ്കിലും സ്വകാര്യവ്യക്തിക്കോ, സ്ഥാപനത്തിനോ കുത്തകയ്ക്ക് നൽകാവുന്നതാണ്.

4. ചില ശ്മമശാനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതണമെന്നും ഉടമസ്ഥനില്ലാത്ത ശ്മശാനങ്ങൾ ഏറ്റെടുത്ത് രജിസ്റ്റർ ചെയ്യുകയോ അടച്ചു കളയുകയോ ചെയ്യലും.-(1) ഈ ചട്ടങ്ങളുടെ പ്രാരംഭത്തിൽ നിലവിലുള്ളതും 1997-ലെ കേരള പഞ്ചായത്ത് (ശവം മറവ് ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾപ്രകാരം രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതുന്നതോ ആയതുമായ ശ്മശാനങ്ങൾ ഈ ചട്ടങ്ങൾപ്രകാരം രജിസ്റ്റർ ചെയ്തതായി കരുതേണ്ടതാണ്.

(2) ഏതെങ്കിലും ഒരു ശ്മശാനം ഈ ചട്ടങ്ങളുടെ പ്രാരംഭത്തിൽ നിലവിലുണ്ടായിരുന്നതും 1967-ലെ കേരള പഞ്ചായത്ത് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതുന്നതും ആണോ അല്ലയോ എന്നതിനെക്കുറിച്ച തർക്കങ്ങൾ ഉണ്ടാകുന്നപക്ഷം ആയത് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ തീർപ്പിന് വിധേയമായിരിക്കുന്നതും അത് അന്തിമമായിരിക്കുന്നതുമാണ്.

(3) ശവം മറവു ചെയ്യുകയോ, ദഹിപ്പിക്കുകയോ മറ്റുവിധത്തിൽ കൈയൊഴിയുകയോ ചെയ്യുന്നതിന് നിലവിലുള്ള ഏതെങ്കിലും സ്ഥലത്തിന് ഉടമസ്ഥനോ നിയന്ത്രണാധികാരമുള്ള ആളോ ഇല്ലെന്ന് പഞ്ചായത്തിന് തോന്നുന്നിടത്ത് അങ്ങനെയുള്ള സ്ഥലത്തിന്റെ നിയന്ത്രണം അത് ഏറ്റെടുക്കുകയും സ്ഥലം രജിസ്റ്റർ ചെയ്യുകയോ, അല്ലെങ്കിൽ ജില്ലാ കളക്ടറുടെ അനുവാദത്തോടുകൂടി അത് അടച്ചുകളയുകയോ ചെയ്യാവുന്നതാണ്.

(4) നിലവിലുള്ള ഒരു ശ്മശാനം പഞ്ചായത്ത് ഏറ്റെടുക്കുന്നതിനു മുമ്പും നിലവിലുള്ള ഒരു ശ്മശാനം അടച്ചുകളയുന്നതിനു മുമ്പും, ആക്ഷേപങ്ങൾ ക്ഷണിച്ചുകൊണ്ട് പഞ്ചായത്ത് ഒരു പൊതു നോട്ടീസ് പ്രസിദ്ധപ്പെടുത്തേണ്ടതും, ഭൂരേഖകൾ പ്രകാരമുള്ള സ്ഥലത്തിന്റെ ഉടമസ്ഥന് അല്ലെങ്കിൽ അതിന്റെ നിയന്ത്രണാധികാരമുള്ള ആൾക്ക് അയാളുടെ ലഭ്യമായ വിലാസത്തിൽ അപ്രകാരം ഒരു നോട്ടീസ് നൽകേണ്ടതും, പഞ്ചായത്തിന് ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കേണ്ടതുമാകുന്നു.

5. ജനവാസ ഗൃഹങ്ങളുടെ 50 മീറ്റർ പരിധിക്കുള്ളിൽ ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ ഏർപ്പെടുത്താൻ പാടില്ലെന്ന്.-(1) (ജനവാസഗൃഹങ്ങളുടെയും ജലസ്രോതസ്സുകളുടെയും) 50 മീറ്റർ പരിധിക്കുള്ളിൽ ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ പുതിയതായി ഏർപ്പെടുത്താൻ പാടില്ലാത്തതാകുന്നു.

എന്നാൽ, കോൺക്രീറ്റു കല്ലറകളുടെയും (വൈദ്യുത ക്രിമറ്റോറിയങ്ങളുടെയും പെട്രോളിയം ഗ്യാസകൊണ്ട് പ്രവർത്തിക്കുന്ന ക്രിമറ്റോറിയങ്ങളുടെയും) സംഗതിയിൽ ജനവാസഗൃഹങ്ങളിൽനിന്നുള്ള അകലം ഏറ്റവും കുറഞ്ഞത് 25 മീറ്റർ മതിയാകുന്നതാണ്.

(2) ജനവാസഗൃഹങ്ങളിൽ നിർദ്ദിഷ്ട പരിധിക്കുള്ളിൽ ഉണ്ടോ ഇല്ലയോ എന്നത് ലൈസൻസിനായി അപേക്ഷ നൽകുന്ന തീയതിയിലെ അവസ്ഥ പരിഗണിച്ചായിരിക്കണം തീരുമാനിക്കേണ്ടത്.

6. ശവം മറവു ചെയ്യുന്നതിനോ ദഹിപ്പിക്കുന്നതിനോ ഉള്ള സ്ഥലങ്ങൾക്ക് ലൈസൻസ് നൽകൽ.-(1) ബന്ധപ്പെട്ട ജില്ലാ കളക്ടറിൽ നിന്നുള്ള ഒരു ലൈസൻസ് കൂടാതെ ശവം മറവു ചെയ്യുന്നതിനോ ദഹിപ്പിക്കുന്നതിനോ പൊതുവായതോ സ്വകാര്യമായതോ ആയ യാതൊരു പുതിയ സ്ഥലവും ഏർപ്പെടുത്തുകയോ നിർമ്മിക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

(2) നിലവിലുള്ള ഒരു ശ്മശാനത്തിന്റെ വിസ്ത്യതി വർദ്ധിപ്പിക്കുകയോ വിപുലീകരിക്കുകയോ ചെയ്യുന്ന സംഗതിയിൽ ആയത് പുതിയ ഒരു ശ്മശാനം ഏർപ്പെടുത്തുന്നതായി കണക്കാക്കേണ്ടതും, അപ്രകാരമുള്ള ശ്മശാനങ്ങൾക്ക് ഈ ചട്ടങ്ങൾ ബാധകമായിരിക്കുന്നതുമാണ്.

(3) ലൈസൻസിനുള്ള അപേക്ഷ 1-ാം നമ്പർ ഫാറത്തിൽ സെക്രട്ടറിക്ക് നൽകേണ്ടതും അതോടൊപ്പം അപേക്ഷ ഫീസായി ആയിരം രൂപ പഞ്ചായത്തിൽ ഒടുക്കേണ്ടതുമാകുന്നു.

(4) ലൈസൻസിനുള്ള അപേക്ഷയോടൊപ്പം രജിസ്റ്റർ ചെയ്യേണ്ട സ്ഥലത്തിന്റെ സ്ഥാനം, അതിർത്തി, വിസ്തീർണ്ണം ഇവ വ്യക്തമാക്കിക്കൊണ്ടുള്ള പ്ലാനും സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ അല്ലെങ്കിൽ അതിൽ അവകാശബന്ധമുള്ള ആളിന്റെയോ സമുദായത്തിന്റെയോ പേർ, നടത്തിപ്പ് സമ്പ്രദായം, കൂടാതെ ജില്ലാ കളക്ടർ ആവശ്യപ്പെട്ടേക്കാവുന്ന മറ്റു വിവരങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.

(5) സ്വകാര്യ ശ്മശാനത്തിന്റെ സംഗതിയിൽ അപേക്ഷ ലഭിച്ച മുപ്പത് ദിവസത്തിനകം പഞ്ചായത്ത് അപേക്ഷ പരിഗണിക്കേണ്ടതും അതിന്റെ ശുപാർശ സഹിതം ജില്ലാ മെഡിക്കൽ ആഫീസർ മുഖേന ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് നൽകേണ്ടതുമാണ്.

(6) പഞ്ചായത്തിൽനിന്നും ലഭിക്കുന്ന അപേക്ഷയിൻമേൽ ജില്ലാ മെഡിക്കൽ ആഫീസർ തനിക്ക് യുക്തമെന്ന് തോന്നുന്ന അന്വേഷണം നടത്തേണ്ടതും അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ വ്യക്തമായ ശുപാർശയോടെ ആയത് ജില്ലാ കളക്ടർക്ക് നൽകേണ്ടതുമാണ്.

(7) അപേക്ഷ ലഭിച്ചാലുടൻ ജില്ലാ കളക്ടർ, ആയത് ആ പ്രദേശത്തെ ഭാഷയിൽ കൂടുതൽ പ്രചാരമുള്ള ഒരു ദിനപ്പത്രത്തിലും പഞ്ചായത്ത് നോട്ടീസ് ബോർഡിലും വില്ലേജ് നോട്ടീസ് ബോർഡിലും ഗവൺമെന്റ് നിർദ്ദേശിക്കുന്ന മറ്റ് പൊതുസ്ഥലങ്ങളിലും ലൈസൻസ് നൽകുന്നതിനെ സംബന്ധിച്ച് ആക്ഷേപമോ, പരാതിയോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആയത് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ്, അപേക്ഷകന്റെ ചെലവിൽ, പരസ്യപ്പെടുത്തേണ്ടതാണ്.

(8) (7)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ് അനുസരിച്ച ആക്ഷേപമോ, പരാതിയോ, അഭിപ്രായമോ എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് പരിഗണിച്ചശേഷവും (യുക്തമെന്ന് തോന്നുന്നപക്ഷം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാതല ഉദ്യോഗസ്ഥന്റെ (അന്വേഷണ റിപ്പോർട്ട് വാങ്ങി പരിശോധിച്ചശേഷവും) ജില്ലാകളക്ടർക്ക്,-

(എ.) II-ാം നമ്പർ ഫാറത്തിൽ ലൈസൻസ് നൽകുകയോ, അഥവാ

(ബി) ലൈസൻസ് നിരസിക്കുകയോ, അഥവാ

(സി) സ്ഥലത്തെ സംബന്ധിച്ച ആക്ഷേപങ്ങൾ പരിഹരിക്കുകയോ ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരങ്ങൾ നൽകപ്പെടുകയോ ചെയ്യുന്നതുവരെ ലൈസൻസ് നൽകുന്നത് നീട്ടിവയ്ക്കുകയോ,

ചെയ്യാവുന്നതാണ്.

(9) ജില്ലാ കളക്ടർ അപേക്ഷ ലഭിച്ച ആറു മാസത്തിനകം (8)-ാം ഉപചട്ടപ്രകാരമുള്ള ഉത്തരവ് പാസ്സാക്കേണ്ടതും ആയത് ബന്ധപ്പെട്ട പഞ്ചായത്തിനെ അറിയിക്കേണ്ടതുമാണ്.

(10) (8)-ാം ഉപചട്ടപ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവിമേൽ പരാതിയുള്ള ഏതൊരാൾക്കും ഉത്തരവ് തീയതി മുതൽ മുപ്പത് ദിവസത്തിനകം സർക്കാരിലേക്ക് അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

വിശദീകരണം.-മേൽപ്പറഞ്ഞ മുപ്പത് (30) ദിവസം കണക്ക് കൂട്ടുമ്പോൾ ഏത് ഉത്തരവിനെതിരായാണോ അപ്പീൽ സമർപ്പിക്കുന്നത് ആ ഉത്തരവുമായി ബന്ധപ്പെട്ട പ്രധാന രേഖകളുടെ പകർപ്പുകൾ ലഭിക്കുന്നതിനുള്ള സമയം ഒഴിവാക്കേണ്ടതാണ്.

(11) സർക്കാരിന്, ആവശ്യമെന്ന് തോന്നുന്ന അന്വേഷണങ്ങൾ നടത്തിയശേഷം അപ്പീലിൻമേൽ യുക്തമെന്ന് തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

7. ശ്മശാനങ്ങളുടെ രജിസ്ട്രേഷൻ.-(1) 3,4,6 എന്നീ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതപ്പെടുന്നതോ, ലൈസൻസ് നൽകിയതോ അല്ലെങ്കിൽ ഏർപ്പെടുത്തിയതോ ആയ സ്ഥലങ്ങളും, ഈ ചട്ടങ്ങളുടെ പ്രാരംഭത്തിന് മുൻപ് രജിസ്റ്റർ ചെയ്തതോ ലൈസൻസ് നൽകിയതോ, ഏർപ്പെടുത്തിയതോ ആയ അങ്ങനെയുള്ള എല്ലാ സ്ഥലങ്ങളും രേഖപ്പെടുത്തേണ്ടതായ ഒരു രജിസ്റ്റർ പഞ്ചായത്താഫീസിൽ വച്ചുപോരേണ്ടതും, അങ്ങനെയുള്ള സ്ഥലങ്ങളുടെ പ്ലാനുകൾ അങ്ങനെയുള്ള ആഫീസിൽ ഫയൽ ചെയ്യേണ്ടതുമാകുന്നു.

(2) (1)-ാം ഉപചട്ടപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുകയോ, ലൈസൻസ് നൽകപ്പെടുകയോ, ഏർപ്പെടുത്തുകയോ ചെയ്തിട്ടുള്ളത് സംബന്ധിച്ച ഒരു നോട്ടീസ് അങ്ങനെയുള്ള സ്ഥലത്തിന്റെ പ്രവേശന കവാടത്തിലോ, അതിനടുത്തോ എല്ലാവരും കാണത്തക്കവിധം പ്രാദേശികഭാഷയിലും മലയാളത്തിലും ഇംഗ്ലീഷിലും പതിച്ചുവയ്ക്കക്കേണ്ടതാണ്.

(3) (1)-ാം ഉപചട്ടപ്രകാരമുള്ള രജിസ്റ്റർ സർക്കാർ ഇതിനായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ കാലാകാലങ്ങളിൽ പരിശോധന നടത്തേണ്ടതാണ്.

8. രജിസ്റ്റർ ചെയ്തതോ, ലൈസൻസ് നൽകിയതോ, ഏർപ്പെടുത്തിയതോ അല്ലാത്ത സ്ഥലങ്ങൾ ശവം കൈയൊഴിക്കുന്നതിന് ഉപയോഗിക്കുന്നത് നിരോധിക്കൽ.-ഈ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തതോ, രജിസ്റ്റർ ചെയ്തതതായി കരുതപ്പെടുന്നതോ, ലൈസൻസ് നൽകിയതോ, ഏർപ്പെടുത്തിയതോ ആയ സ്ഥലത്തല്ലാതെ യാതൊരാളും യാതൊരു ശവവും മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ മറ്റുവിധത്തിൽ കൈയൊഴിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

എന്നാൽ ഓരോരോ പ്രത്യേക സംഗതിയിലും സ്വകാര്യ സ്ഥലത്ത്, പൊതുജനാരോഗ്യത്തിന് ഹാനികരമാകാത്തവിധം, ഏതെങ്കിലും ശവം ആചാരപ്രകാരം മറവു ചെയ്യുകയോ, ദഹിപ്പിക്കുകയോ മറ്റുവിധത്തിൽ കൈയൊഴിക്കുകയോ ചെയ്യാവുന്നതാണ്.

9. ശവം മറവു ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച രജിസ്റ്ററുകൾ സൂക്ഷിക്കണമെന്ന്.-(1) ശവം മറവു ചെയ്യുകയോ, ദഹിപ്പിക്കുകയോ മറ്റുവിധത്തിൽ കൈയൊഴിക്കുകയോ ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി III-ാം നമ്പർ ഫാറത്തിൽ ഉള്ള ഒരു രജിസ്റ്റർ, പൊതുശ്മശാനങ്ങളുടെ സംഗതിയിൽ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, സ്വകാര്യ ശ്മശാനങ്ങളുടെ സംഗതിയിൽ അത്തരം ശ്മശാനങ്ങളുടെ നിയന്ത്രണാധികാരമുള്ള സംഘടനയുടെയോ, അസോസിയേഷന്റെയോ, സ്ഥാപനത്തിന്റെയോ സെക്രട്ടറിയോ, ഉത്തരവാദപ്പെട്ട മറ്റ് ഉദ്യോഗസ്ഥനോ വച്ചുപോരേണ്ടതും, ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ മറ്റു വിധത്തിൽ കൈയൊഴിക്കുകയോ ചെയ്യുന്ന ഓരോ സംഗതിയിലും അത് സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.

(2) സ്വകാര്യ ശ്മശാനങ്ങളുടെ നിയന്ത്രണാധികാരമുള്ള സംഘടനയുടെയോ അസോസിയേഷന്റെയോ സ്ഥാപനത്തിന്റെയോ സെക്രട്ടറിയോ മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനോ വച്ചുപോരുന്ന രജിസ്റ്ററുകൾ പഞ്ചായത്ത് സെക്രട്ടറിയോ അദ്ദേഹം ഈ ആവശ്യത്തിനായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരിശോധിക്കാവുന്നതാണ്.

10. ആരോഗ്യത്തിന് ആപൽക്കരമായതോ ശവക്കുഴികൾകൊണ്ടു നിറഞ്ഞതോ ആയ ശ്മശാനങ്ങൾ നിരോധിക്കൽ.- (1) (എ) ശവം മറവു ചെയ്യുന്നതിനു വേണ്ടിയോ, ദഹിപ്പിക്കുന്നതിനുവേണ്ടിയോ രജിസ്റ്റർ ചെയ്യപ്പെട്ടതോ ലൈസൻസ് നൽകപ്പെട്ടതോ ആയ ഏതെങ്കിലും സ്ഥലം അതിന്റെ അയൽപക്കത്ത് താമസിക്കുന്നവരുടെ ആരോഗ്യത്തിന് ആപൽക്കരമോ ആപൽക്കരമാകാനിടയുള്ളതോ ആയ സ്ഥിതിയിലോ നിലയിലോ ആണെന്നോ; അല്ലെങ്കിൽ

(ബി) ശവം മറവു ചെയ്യുന്നതിനുള്ള ഏതെങ്കിലും സ്ഥലം ശവക്കുഴികൾകൊണ്ട് നിറഞ്ഞതാണെന്നോ എന്നും, ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ കൈയൊഴിക്കുകയോ ചെയ്യുന്നതിനുള്ള പൊതുസ്ഥലത്തിന്റെയോ മേൽപ്പറഞ്ഞ പ്രകാരമുള്ള മറ്റു സ്ഥലത്തിന്റെയോ സംഗതിയിൽ ശവം കൈയൊഴിക്കുന്നതിന് യഥാവിധി അധികാരപ്പെടുത്തിയ സൗകര്യമുള്ള വേറൊരു സ്ഥലം, അങ്ങനെയുള്ള സ്ഥലം സാധാരണയായി ഉപയോഗിക്കുന്ന ആളുകൾക്കുവേണ്ടി നിലവിലുണ്ടെന്നോ, അഥവാ ഏർപ്പെടുത്തിയിട്ടുണ്ടെന്നോ എന്നും പഞ്ചായത്തിന് ബോദ്ധ്യമാകുന്നപക്ഷം അങ്ങനെയുള്ള സ്ഥലത്ത് ഏതെങ്കിലും ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ മറ്റുവിധത്തിൽ കൈയൊഴിക്കുകയോ ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെടാൻ തീരുമാനിക്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള തീരുമാനം ജില്ലാ മെഡിക്കൽ ആഫീസർക്ക് അയച്ചുകൊടുക്കേണ്ടതും ജില്ലാ മെഡിക്കൽ ആഫീസർ ഈ സംഗതിയിൽ മേൽ ആവശ്യമായ അന്വേഷണങ്ങൾ നടത്തിയശേഷം പഞ്ചായത്തിന്റെ തീരുമാനം തന്റെ വ്യക്തമായ ശുപാർശയോടെ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

(3) പഞ്ചായത്തിന്റെ തീരുമാനവും ജില്ലാ മെഡിക്കൽ ആഫീസറുടെ ശുപാർശയും പരിശോധിച്ച ആ സ്ഥലം മൃതശരീരങ്ങൾ കൈയൊഴിക്കുന്നതിന് ഉപയോഗിക്കാൻ പാടില്ലെന്ന് കളക്ടർക്ക് ബോദ്ധ്യമാകുന്നപക്ഷം നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള കാലത്തിനുശേഷം അങ്ങനെയുള്ള സ്ഥലത്ത് ഏതെങ്കിലും ശവം മറവുചെയ്യുകയോ ദഹിപ്പിക്കുകയോ മറ്റു വിധത്തിൽ കൈയൊഴിക്കുകയോ ചെയ്യുന്നത് നിയമാനുസൃതമല്ലെന്നുള്ള ഒരു നോട്ടീസ് നൽകാവുന്നതാണ്. എന്നാൽ നോട്ടീസ് നൽകുന്നതിന് മുൻപ് അങ്ങനെയുള്ള സ്ഥലത്തിന്റെ നിയന്ത്രണാധികാരമുള്ള ആളിന് അപ്രകാരമുള്ള നടപടിക്ക് എതിരെ ആക്ഷേപങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആയത് ബോധിപ്പിക്കുന്നതിന് ന്യായമായ അവസരം നൽകേണ്ടതാണ്.

(4) (3)-ാം ഉപചട്ടപ്രകാരമുള്ള ഓരോ നോട്ടീസും പഞ്ചായത്താഫീസിലെ നോട്ടീസ് ബോർഡിലും ശ്മശാനം സ്ഥിതിചെയ്യുന്നത് ഏത് നിയോജകമണ്ഡലത്തിലാണോ ആ നിയോജകമണ്ഡലത്തിൽ എല്ലാവരും കാണത്തക്ക ഒരു സ്ഥാനത്തും ശ്മശാനത്തിന്റെ പ്രവേശന കവാടത്തിലും പതിച്ചുവയ്ക്കേണ്ടതാണ്.

(5) അങ്ങനെയുള്ള നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള കാലാവധി കഴിഞ്ഞശേഷം അങ്ങനെയുള്ള സ്ഥലത്ത് യാതൊരാളും ശവം മറവു ചെയ്യുകയോ മറ്റു വിധത്തിൽ കൈയൊഴിക്കുകയോ ചെയ്യാവുന്നതല്ല.

(6) (3)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിൻമേൽ പരാതിയുള്ള ഏതൊരാൾക്കും ആ നോട്ടീസ് തീയതി മുതൽ മുപ്പത് ദിവസത്തിനകം സർക്കാരിൽ അപ്പീൽ നൽകാവുന്നതാണ്.

വിശദീകരണം.-മേൽപ്പറഞ്ഞ മുപ്പത് ദിവസം കണക്കു കൂട്ടുമ്പോൾ ഏത് നോട്ടീസിനെതിരെയാണോ അപ്പീൽ സമർപ്പിക്കുന്നത് അപ്രകാരമുള്ള നോട്ടീസുമായി ബന്ധപ്പെട്ട പ്രധാനരേഖകളുടെ പകർപ്പുകൾ ലഭിക്കുന്നതിനുള്ള സമയം ഒഴിവാക്കേണ്ടതാണ്.

(7) അപ്പീലിൻമേൽ സർക്കാരിന് ആവശ്യമെന്നുതോന്നുന്ന അന്വേഷണങ്ങൾ നടത്തി യുക്തമെന്ന് തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

11. ശവങ്ങളുടെ കാര്യത്തിലുള്ള നിരോധനം.-ഏതൊരാളും,-

(എ) ഏതെങ്കിലും ശവമോ അതിന്റെ ഭാഗമോ, കുഴിച്ചുണ്ടാക്കുകയോ കല്ലുകൊണ്ട് കെട്ടിയുണ്ടാക്കുകയോ മറ്റോ ചെയ്തിട്ടുള്ള ശവക്കുഴിയിൽ ശവപ്പെട്ടിയുടെ ഉപരിഭാഗമോ, യാതൊരു ശവപ്പെട്ടിയും ഉപയോഗിക്കാത്ത പക്ഷം ശവത്തിന്റെ ഉപരിഭാഗമോ തറയുടെ ഉപരിഭാഗത്തുനിന്നും രണ്ടു മീറ്റർ കുറവായിരിക്കത്തക്ക ആഴത്തിൽ മറവു ചെയ്യുകയോ മറവു ചെയ്യിക്കുകയോ, അഥവാ

(ബി) ശവം മറവു ചെയ്യുന്നതിനുള്ള ഏതെങ്കിലും സ്ഥലത്ത്, നിലവിലുള്ള മറ്റേതെങ്കിലും ശവക്കുഴിയുടെ വക്കത്തുനിന്ന് 75 സെന്റിമീറ്ററിൽ കുറവായ ദൂരത്ത് ഏതെങ്കിലും ശവക്കുഴി കെട്ടുകയോ, കുഴിക്കുകയോ അല്ലെങ്കിൽ കെട്ടിക്കുകയോ, കുഴിപ്പിക്കുകയോ, അഥവാ

(സി) മജിസ്ട്രേറ്റിന്റെ രേഖാമൂലമുള്ള ഉത്തരവുകൂടാതെ മുൻപുതന്നെ അടക്കം ചെയ്തതു കഴിഞ്ഞ ഒരു ശവക്കുഴി വീണ്ടും തുറക്കുകയോ, അഥവാ

(ഡി) ശവമോ അതിന്റെ ഭാഗമോ, ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ഏതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകുകയോ കൊണ്ടുപോകാനിടയാക്കുകയോ ചെയ്യുകയും, അങ്ങനെയുള്ള സ്ഥലത്ത് അത് എത്തിയതിനുശേഷം ആറ് മണിക്കുറിനുള്ളിൽ അത് മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യാൻ ആരംഭിക്കുന്നതിനിടയാക്കാതിരിക്കുകയും ചെയ്യുകയോ, അഥവാ

(ഇ) ശവമോ അതിന്റെ ഭാഗമോ ദഹിപ്പിക്കുകയോ ദഹിപ്പിക്കാൻ ഇടയാക്കുകയോ ചെയ്യുമ്പോൾ, അതോ, അതിന്റെ ഏതെങ്കിലും ഭാഗമോ അതിനുമേലുള്ള വസ്ത്രമോ ചാരമായിത്തീരാതെ അവശേഷിക്കുന്നതിന് അനുവദിക്കുകയോ; അഥവാ

(എഫ്) ശവമോ അതിന്റെ ഭാഗമോ മാന്യമായി മറയ്ക്കാതെ ഏതെങ്കിലും തെരുവിൽക്കൂടി കൊണ്ടുപോകുകയോ, അഥവാ

(ജി) ശവമോ അതിന്റെ ഭാഗമോ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ കൂടി കൊണ്ടുപോകുമ്പോൾ, ഏതാവശ്യത്തിനുവേണ്ടിയായാലും ഏതെങ്കിലും തെരുവിലോ അതിനടുത്തോ അത് ഉപേക്ഷിച്ച് പോകുകയോ, അഥവാ

(എച്ച്) കീറിമുറിക്കേണ്ട ആവശ്യത്തിന് വച്ചതോ ഉപയോഗിച്ചതോ ആയ ഏതെങ്കിലും ശവമോ അതിന്റെ ഭാഗമോ, മൂടിയ പാത്രത്തിലല്ലാതെ മറ്റുവിധത്തിൽ നീക്കം ചെയ്യുകയോ,

ചെയ്യാൻ പാടില്ലാത്തതാകുന്നു.

എന്നാൽ മണൽപ്രദേശത്തും, താഴ്ന്ന പ്രദേശത്തും സ്ഥിതിചെയ്യുന്ന സെമിത്തേരികളുടെ സംഗതിയിൽ (എ) ഖണ്ഡപ്രകാരമുള്ള നിബന്ധനയിൽ ഇളവ് അനുവദിക്കാവുന്നതാണ്.

12. പഞ്ചായത്തിന് ബൈലാകൾ ഉണ്ടാക്കാമെന്ന്.-256-ാം വകുപ്പിലെ നിബന്ധനകൾക്കും 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾക്കും വിധേയമായി,-

(എ) ശ്മശാനങ്ങളുടെയും ശവം മറ്റുവിധത്തിൽ കൈയൊഴിക്കുന്നതിനുള്ള സ്ഥലങ്ങളുടെയും നിയന്ത്രണത്തിനുവേണ്ടിയും;

(ബി) ശ്മശാനങ്ങളിൽ ശവം മറവു ചെയ്യുന്നതിനും, ദഹിപ്പിക്കുന്നതിനും, മറ്റുവിധത്തിൽ കൈയൊഴിക്കുന്നതിനും വസൂലാക്കാവുന്ന ഫീസിനെ സംബന്ധിച്ചും; (സി) ശ്മശാനങ്ങളിൽ മൃതശരീരങ്ങൾ മറവു ചെയ്യുന്നതിനും, ദഹിപ്പിക്കുന്നതിനും മറ്റുവിധ ത്തിൽ കൈയൊഴിക്കുന്നതിനുമുള്ള സമയം നിശ്ചയിക്കുന്നതു സംബന്ധിച്ചും; പഞ്ചായത്തിന് ബൈലാകൾ ഉണ്ടാക്കാവുന്നതാണ്.

13. ചട്ടങ്ങളുടെ ലംഘനത്തിനുള്ള ശിക്ഷ.-5, 6(1), 8, 10(5), 11 എന്നീ ചട്ടങ്ങൾ ലംഘിക്കു കയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ഒരു മജിസ്ട്രേറ്റിനു മുൻപാകെ കുറ്റസ്ഥാപനത്തിനുമേൽ ആയിരം രൂപയിൽ കവിയാത്ത പിഴശിക്ഷയ്ക്ക് വിധേയനായിരിക്കുന്നതാണ്.

ഫാറം നമ്പർ I
[6-ാം ചട്ടം (3)-ാം ഉപചട്ടം കാണുക)

......................................ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ശവം മറവ് ചെയ്യുന്നതിനോ ദഹിപ്പി ക്കുന്നതിനോ ഉള്ള സ്ഥലങ്ങൾ ഏർപ്പെടുത്താൻ ലൈസൻസിനുള്ള അപേക്ഷ.

1. അപേക്ഷകന്റെ പേര്
2. മേൽവിലാസം
3. തൊഴിൽ
4. ശ്മശാനം സ്ഥാപിക്കാൻ
ഉദ്ദേശിക്കുന്ന സ്ഥലം
(1) ജില്ല
(2) താലൂക്ക്
(3) ഗ്രാമപഞ്ചായത്ത്
(4) നിയോജകമണ്ഡലം
(5) വില്ലേജ്
(6) സർവേ നമ്പർ
(7) വിസ്തീർണ്ണം
5. സ്ഥലത്തിന്റെ അതിരുകൾ
വടക്ക്
തെക്ക്
കിഴക്ക്
പടിഞ്ഞാറ്
6. ശ്മശാനം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥല
ത്തിന്റെ കൈവശാവകാശവും സ്വഭാവും
7. സ്ഥലത്തിനുമേൽ അപേക്ഷകനുള്ള അവകാശം
8. ഏത് പ്രദേശത്തെ ആൾക്കാരുടെ/സമുദായ
ത്തിന്റെ ഉപയോഗത്തിന് വേണ്ടിയാണ് ശ്മശാനം
സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് :
9. സ്ഥലം ശവം അടക്കം ചെയ്യുന്നതിനോ ദഹി
പ്പിക്കുന്നതിനോ അഥവാ അടക്കം ചെയ്യുന്നതിനും
ദഹിപ്പിക്കുന്നതിനും വേണ്ടി എന്ന്
10. സ്ഥലത്തിന്റെ അതിരുകളിൽനിന്ന് 50
മീറ്റർ അകലത്തിൽ ജനവാസ ഗ്യഹങ്ങൾ ഉണ്ടോ എന്ന്
11. സ്ഥലത്തിന്റെ അതിരുകളിൽ നിന്ന് ഏറ്റവും
അടുത്ത് സ്ഥിതി ചെയ്യുന്ന ജനവാസഗൃഹത്തിന്റെയോ
ഗൃഹങ്ങളുടെയോ അകലം
12. സ്ഥലത്ത് ശവം മറവു ചെയ്യുന്നതിന്/
ദഹിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ
ഉണ്ടോ/ഉണ്ടാക്കേണ്ടതുണ്ടോ എന്ന്
13. സ്ഥലം വാതിലുകളോടുകൂടിയ ചുറ്റുമതിൽ
കൊണ്ട് കെട്ടി അടച്ചിട്ടുണ്ടോ/
കെട്ടി അടയ്ക്കക്കേണ്ടതുണ്ടോ എന്ന്
14. സ്ഥലത്തിന്റെ പ്ലാൻ അപേക്ഷയോ
ടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ടോ എന്ന്

സത്യപ്രസ്താവന

മേൽപ്രസ്താവിച്ച എല്ലാ വിവരങ്ങളും ശരിയാണെന്നും സത്യമാണെന്നും ഇതിനാൽ ഞാൻ ബോധിപ്പിക്കുന്നു.


സ്ഥലം.............
തീയതി.............

അപേക്ഷകന്റെ ഒപ്പ്
കുറിപ്പ്

അപേക്ഷകൻ ഒരു സംഘടനയോ, അസോസിയേഷനോ അഥവാ ഒരു സ്ഥാപനമോ ആണെ ങ്കിൽ അതിന്റെ പേരും, ആ സംഘടന/അസോസിയേഷൻ/സ്ഥാപനത്തിനുവേണ്ടി ഒപ്പു വയ്ക്കുന്ന ആളുടെ പേരും ഔദ്യോഗിക പദവിയും ക്രമനമ്പർ ഒന്നിൽ കൊടുത്തിരിക്കേണ്ടതാണ്.

ഗ്രാമപഞ്ചായത്തിന്റെ ശുപാർശ.

ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായം.

ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലാ കളക്ടർ.

ഫാറം നമ്പർ II
[6-ാം ചട്ടം (8)-ാം ഉപചട്ടം കാണുക]

നമ്പർ:

............................................................................ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ശവം മറവു ചെയ്യുന്നതിനും/ ദഹിപ്പിക്കുന്നതിനുമുള്ള ശ്മശാനം തുറക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ലൈസൻസ്.

1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ശ്രീ./(ശീമതി......................... (ഇവിടെ സ്ഥാപനത്തിന്റെയോ, സംഘടനയുടെയോ അഥവാ വ്യക്തിയുടെയോ പേരും മേൽവിലാസവും ചേർക്കുക) എന്ന ആളെ ഗ്രാമപഞ്ചായത്തിലെ. വില്ലേജിലെ - - - - - - - - - - - - - - - സർവേ നമ്പറിൽ ഉൾപ്പെട്ട. ആർ/ഹെക്ടർ സ്ഥലത്ത് ശവം മറവു ചെയ്യുന്നതിന് /ദഹിപ്പിക്കുന്നതിന/ കൈയൊഴിക്കുന്നതിന് ശ്മശാനം തുറക്കുന്നതിനും സംരക്ഷിക്കുന്നതിനും ഇതിനാൽ അനുവദിക്കുന്നു. ലൈസൻസി 1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാനും പ്രസ്തുത ചട്ടങ്ങളിലെ 9-ാം ചട്ടത്തിൽ പ്രതിപാദിക്കുന്ന പ്രകാരമുള്ള രജിസ്റ്റർ സൂക്ഷിക്കാനും ബാദ്ധ്യസ്ഥനാണ്. ഈ ആവശ്യത്തിനായി പഞ്ചായത്ത് യഥാവിധി പാസ്സാക്കുന്ന ബൈലാകളിലെ വ്യവസ്ഥകളോ നിബന്ധനകളോ പാലിക്കാൻ ലൈസൻസി ബാദ്ധ്യസ്ഥനാണ്. താഴെ ഒപ്പിട്ടിരിക്കുന്ന അധികാരസ്ഥന് ആവശ്യമെന്നു തോന്നുന്നപക്ഷം, ഏത് സമയത്തും ഈ ലൈസൻസ് അസാധുവാക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്. ഈ ലൈസൻസിന് അപ്രകാരം അസാധുവാക്കപ്പെടുന്നതുവരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

......................................... -ാമാണ്ട്.................................. മാസം.................................... തീയതിയിൽ ഒപ്പിട്ട മുദ്രയോടുകൂടി. ജില്ലാ കളക്ടർ പുറപ്പെടുവിച്ചത്.. (ഒപ്പ്)
. പേര്:
. ജില്ലാ കളക്ടർ:

. (സീൽ)

ഫാറം നമ്പർ III
(9-ാം ചട്ടം കാണുക)

.....................................................................ഗ്രാമപഞ്ചായത്ത്
ലൈസൻസിയുടെ പേരും മേൽവിലാസവും
ലൈസൻസ് നമ്പരും തീയതിയും

മികച്ച ആളിനെ സംബന്ധിച്ച വിവരം മൃതശരീരം കൊണ്ടുവന്ന ആളിനെ സംബന്ധിച്ച വിവരം
1. ക്രമ നമ്പർ 2. ശ്മശാനത്തിൽ കൊണ്ടുവന്ന തീയതിയും സമയവും 3. പേര് 4. പിതാവിൻറെയോ/ ഭർത്താവിൻറെയോ പേര് 5. മരണ തീയതി 6. മരണ സ്ഥലം 7. വയസ് 8. സ്ത്രീ/ പുരുഷൻ 9. മതം/ ജാതി 10. ദേശീയം 11. മേൽവിലാസം
12. മരണ കാരണം 13. മരണം വൈദ്യശാസ്തപരമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ 14. മറവ് ചെയ്തതോ ദഹിപ്പിച്ചതോ എന്ന് 15. പേര് 16. വിലാസം 17. മരിച്ച ആളുമായുള്ള ബന്ധം 18. ഒപ്പ് 19. ലൈസൻസി/ ചുമതലപ്പെടുത്തിയ ആളിൻറെ ഒപ്പ് 20. റിമാർക്സ്
Book.png This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ appended

appended appended appended appended appended appended

Form. appended


Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ