കേരള പഞ്ചായത്ത് രാജ് (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ, 2003

From Panchayatwiki
Jump to navigation Jump to search

2003-ലെ കേരള പഞ്ചായത്ത് രാജ് (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ

എസ് ആർ ഒ നമ്പർ 1023/2003. - 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 2003-ലെ കേരള പഞ്ചായത്ത് രാജ് (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ എന്ന് പേർ പറയാം.

2. ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ:- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(എ) ‘ആക്റ്റ് 'എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) 'പഞ്ചായത്ത്' എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അഥവാ ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;

(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ, ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. കേസുകളുടെ നടത്തിപ്പിനും മറ്റും നിയമോപദേഷ്ടാക്കളെ ഏർപ്പെടുത്തൽ:- (1) ഏതെങ്കിലും സിവിൽ കോടതിയിലോ ക്രിമിനൽ കോടതിയിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാനിലോ ട്രൈബ്യൂണലിലോ അല്ലെങ്കിൽ ഹൈക്കോടതിയിലോ പഞ്ചായത്തോ പഞ്ചായത്തിനെ പ്രതിനിധീകരിച്ച പ്രസിഡന്റോ സെക്രട്ടറിയോ കക്ഷിയായിട്ടുള്ള ഒരു കേസിൽ പഞ്ചായത്തിനു വേണ്ടി ഹാജരാകുവാനും കേസ് നടത്തുവാനും, യോഗ്യനെന്ന് കരുതപ്പെടുന്ന ഒരു അഭിഭാഷകനെ പഞ്ചായത്തിന് ഏർപ്പാട് ചെയ്യാവുന്നതാണ്.

(2) പഞ്ചായത്തിന്റെ ഒന്നിലധികം കേസുകളുടെ നടത്തിപ്പിന്റെ ചുമതല ഒരേ അഭിഭാഷകനെ തന്നെ ഏൽപ്പിക്കാവുന്നതാണ്.

(3) ഏതെങ്കിലും ഒരു കേസിൽ പഞ്ചായത്തിനോടൊപ്പം സർക്കാരോ സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഒരു ഉദ്യോഗസ്ഥനോ കക്ഷിയായിരിക്കുകയും സർക്കാരിന്റെയും പഞ്ചായത്തിന്റെയും താൽപ്പര്യങ്ങൾ സമാനമായിരിക്കുകയും ചെയ്യുന്ന പക്ഷം പഞ്ചായത്തിന്, സർക്കാരിന്റെ അനുമതിയോടുകൂടി, സർക്കാരിനു വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള അഭിഭാഷകനെ തന്നെ പഞ്ചായത്തിനു വേണ്ടിയുള്ള കേസ് നടത്തിപ്പിന്റെയും ചുമതല ഏൽപ്പിക്കാവുന്നതാണ്.

(4) 181-ാം വകുപ്പ് പ്രകാരം സർക്കാർ പഞ്ചായത്തിന് സേവനം വിട്ടുകൊടുത്ത്, പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ കക്ഷിയായിട്ടുള്ള ഒരു കേസിൽ പഞ്ചായത്തിന്റെ ഏതെങ്കിലും തീരുമാനമോ ഉത്തരവോ നടപടിയോ തർക്കവിഷയമായി ഉന്നയിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രസ്തുത കേസിന്റെ നടത്തിപ്പ് സർക്കാരിന്റെ ഒരു ഉദ്യോസ്ഥന് വേണ്ടിയെന്ന പോലെ സർക്കാരിന്റെ അഭിഭാഷകൻ നിർവ്വഹിക്കേണ്ടതാണ്.

(5) പഞ്ചായത്തിന്റെ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തിൽ ഒരു അഭിഭാഷകന്റെ നിയമോപദേശം ആവശ്യമുണ്ടെന്ന് പഞ്ചായത്തിനോ പ്രസിഡന്റിനോ സെക്രട്ടറിക്കോ തോന്നുന്ന പക്ഷം, അതുമായി ബന്ധപ്പെട്ട രേഖകൾ യോഗ്യനായ ഒരു അഭിഭാഷകനെ കൊണ്ട് പരിശോധിപ്പിച്ച് അദ്ദേഹത്തിൽ നിന്ന് നിയമോപദേശം തേടാവുന്നതാണ്.

4. കീഴ്ക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ- (1) ഏതെങ്കിലും ഒരു സിവിൽ കോടതിയിൽ പഞ്ചായത്ത് ഫയൽ ചെയ്തിരുന്ന ഒരു കേസിൽ പഞ്ചായത്തിന് അനുകൂലമല്ലാത്ത ഒരു വിധിയുണ്ടായാൽ ആ വിധിക്കെതിരെ മേൽക്കോടതിയിൽ പഞ്ചായത്ത് അപ്പീൽ ഫയൽ ചെയ്യുന്നതിന് മുമ്പ്, കീഴ്ക്കോടതിയിൽ പഞ്ചായത്തിനു വേണ്ടി കേസ് നടത്തിയ അഭിഭാഷകന്റെയും ജില്ലാ ഗവൺമെന്റ് പ്ലീഡറുടെയും നിയമോപദേശം ആരായേണ്ടതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേസ്സുകൾ നടത്തുന്നതിനുള്ള വക്കീൽ ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവാകുന്നു


തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേസ്സുകൾ നടത്തുന്നതിനുള്ള വക്കീൽ ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവാകുന്നു


തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ്

സ. ഉ. (എം.എസ്) നം. 36/16/തസ്വഭവ. തിരുവനന്തപുരം, തീയതി:18/02/16
പരാമർശം : വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 12/08/2015-ലെ 23)-ാം നമ്പർ തീരുമാനം.

ഉത്തരവ്

വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പരാമർശിത യോഗത്തിൽ നിലവിലുള്ള കേസുകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വക്കീൽ ഫീസായി 3000 രൂപ വരെ അനുവദിക്കുന്ന വിഷയം ചർച്ച ചെയ്യുകയും ആയത് 15,000 രൂപ വരെ വർദ്ധിപ്പിക്കുന്നതിനും, വകുപ്പദ്ധ്യക്ഷന്മാരുടെ അനുമതിയോടുകൂടി 50,000 രൂപ വരെ ചെലവഴിക്കാൻ അനുമതി നൽകുന്നതിനും അതിന് മുകളിലുള്ള തുകയ്ക്ക് സർക്കാരിന്റെ അനുമതി തേടേണ്ടതാണെന്നും തീരുമാനിച്ചു.

മേൽ തീരുമാനം നടപ്പിലാക്കുന്നതിന് കേരള പഞ്ചായത്ത് രാജ് (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ, കേരള മുനിസിപ്പാലിറ്റി (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ എന്നിവയിൽ ഭേദഗതി ആവശ്യമുണ്ടെങ്കിലും ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള കാലതാമസം കണക്കിലെടുത്തും വക്കീൽ ഫീസുമായി ബന്ധപ്പെട്ട ധാരാളം ഫയലുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്തും മേൽപ്പറഞ്ഞ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിലവിലുള്ള കേസുകൾക്ക് കേസൊന്നിന് 15,000 രൂപ വരെ വക്കീൽ ഫീസ് അനുവദിക്കുന്നതിനും 50,000 രൂപ വരെ വകുപ്പദ്ധ്യക്ഷന്മാരുടെ അനുമതിയ്ക്ക് വിധേയമായി ഈ ഇനത്തിൽ ചെലവഴിയ്ക്കുന്നതിനും അനുമതി നല്കിക്കൊണ്ട് ഉത്തരവാകുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള തുക വക്കിൽ ഫീസായി ചെലവഴിയ്ക്കുന്നതിന് സർക്കാരിന്റെ അനുമതി തേടേണ്ടതാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ appended