കേരള പഞ്ചായത്ത് രാജ് (അനാഥപ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവ് ചെയ്യൽ) ചട്ടങ്ങൾ, 1996

From Panchayatwiki
Jump to navigation Jump to search

1996-ലെ കേരള പഞ്ചായത്ത് രാജ് (അനാഥപ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവ് ചെയ്യൽ)ചട്ടങ്ങൾ.

എസ്.ആർ.ഒ. നമ്പർ 278/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 166-ാം വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.

- (1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (അനാഥപ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവ് ചെയ്യൽ) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.

- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം;

(i) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു.

(ii) 'പഞ്ചായത്ത് എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു.

(iii) "പ്രസിഡന്റ്' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു.

(iv) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു.

(v) 'അനാഥപ്രേതം’ എന്നാൽ 1957-ലെ കേരള അനാട്ടമി നിയമം (1957-ലെ 17) പ്രാബല്യത്തി ലില്ലാത്ത ഏതെങ്കിലും പൊതുസ്ഥലത്തോ അല്ലെങ്കിൽ സ്വകാര്യ സ്ഥലത്തോ, യാതൊരാളും അവകാശപ്പെടാതെ കാണുന്ന മനുഷ്യജഡം എന്നർത്ഥമാകുന്നു.

3 . അനാഥപ്രേതം കിടക്കുന്നത് സംബന്ധിച്ച വിവരം നൽകൽ

- ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഒരു അനാഥപ്രേതം കിടക്കുന്നുവെന്ന് അറിവ് ലഭിക്കുന്ന ഏതൊരാളും താമസം കൂടാതെ ആ വിവരം പ്രസിഡന്റിനെയോ സെക്രട്ടറിയെയോ അറിയിക്കേണ്ടതാണ്.


4. അനാഥ പ്രേതങ്ങളുടെ സംഗതിയിൽ പ്രസിഡന്റും, സെക്രട്ടറിയും അനുസരിക്കേണ്ട നടപടിക്രമം.

(1) പ്രസിഡന്റിനോ സെക്രട്ടറിക്കോ 3-ാം ചട്ടപ്രകാരമുള്ള വിവരം ലഭിച്ചാലുടൻ, 1973ലെ ക്രിമിനൽ നടപടി നിയമം (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 174-ാം വകുപ്പ് പ്രകാരം നടപടി എടുക്കാൻ അധികാരപ്പെട്ട പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടേണ്ടതും, മേൽപ്പറഞ്ഞ വകുപ്പുപ്ര കാരം എന്തെങ്കിലും നടപടി എടുക്കേണ്ടതുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ച് ഉറപ്പ് വരുത്തേണ്ട തുമാണ്.

(2) പോലീസ് നടപടിയൊന്നും എടുക്കാനില്ലെന്ന് പോലീസ് ആഫീസർക്ക് അഭിപ്രായമുള്ള പക്ഷം അദ്ദേഹം ആ വിവരം കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് പ്രസിഡന്റിനോ സെക്രട്ടറിക്കോ നൽകേണ്ടതും അങ്ങനെയുള്ള സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി പ്രേതം മറവ് ചെയ്യുന്നതിനുവേണ്ട നടപടികൾ എടുക്കേണ്ടതുമാകുന്നു.

(3) 1973-ലെ ക്രിമിനൽ നടപടി നിയമപ്രകാരം പോലീസിന് നടപടി എടുക്കേണ്ടതായുള്ള അനാഥപ്രേതങ്ങളുടെ സംഗതികളിൽ അപ്രകാരമുള്ള നടപടികൾ പൂർത്തിയായശേഷം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ വിവരം പഞ്ചായത്ത് പ്രസിഡന്റിനെയോ സെക്രട്ടറിയെയോ അറിയിക്കേണ്ടതും അതിനുശേഷം പ്രസിഡന്റോ സെക്രട്ടറിയോ അനാഥപ്രേതം മറവ് ചെയ്യാനുള്ള നടപടികൾ നടത്തി മറവ് ചെയ്യേണ്ടതും ആണ്.

5. അനാഥപ്രേതം മറവു ചെയ്യുന്നത് കഴിയുന്നിടത്തോളം പരേതന്റെ മതാചാരപ്രകാരമാ യിരിക്കണമെന്ന്.- പരേതൻ ഏതു മതത്തിൽപ്പെട്ട ആളാണെന്ന് തിരിച്ചറിഞ്ഞാൽ അനാഥപ്രേതം മറ്റ് ചെയ്യുന്നത് കഴിയുന്നിടത്തോളം അയാളുടെ മതപരമായ ആചാരം അനുഷ്ഠിച്ചായിരിക്കേണ്ട താണ്.

6. മൃഗങ്ങളുടെ ശവശരീരങ്ങൾ മറവ് ചെയ്യൽ.- മൃഗങ്ങളുടെ ശവശരീരമോ, ശരീരങ്ങളുടെ അവശിഷ്ടങ്ങളോ പഞ്ചായത്ത് പ്രദേശത്ത് കിടക്കുന്നതായ വിവരം ലഭിച്ചാലുടൻ തന്നെ അവ മറവ് ചെയ്യുന്നതിന് പ്രസിഡന്റോ സെക്രട്ടറിയോ നടപടി എടുക്കേണ്ടതാണ്. എന്നാൽ വന്യജീവി വിഭാഗത്തിൽ ഉൾപ്പെടുന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ ശവശരീരമോ, അവശിഷ്ടങ്ങളോ മറവ് ചെയ്യുന്നതിന് മുൻപ് ജില്ലാ കളക്ടറെയോ ബന്ധപ്പെട്ട വന്യജീവി സംരക്ഷണ (വനംവകുപ്പ്) ഉദ്യോഗസ്ഥനേയോ വിവരം അറിയിക്കേണ്ടതും അവരുടെ നിർദ്ദേശം അനുസരിച്ച് മറവ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

7. ജഡങ്ങൾ മറവ് ചെയ്യുന്നതിനുള്ള ചെലവ്.- ഈ ചട്ടങ്ങൾ പ്രകാരം ജഡങ്ങൾ മറവ് ചെയ്യുന്നതിനുള്ള ന്യായമായ ചെലവ് പഞ്ചായത്ത് ഫണ്ടിൽ നിന്നും വഹിക്കേണ്ടതാണ്.

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിനുദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994-ലെ 13) 166-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം ആക്റ്റിൻകീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾക്കു വിധേയമായി 3-ാം പട്ടികയിൽ അക്കമിട്ടു പറഞ്ഞിരിക്കുന്ന സംഗതി കളെ സംബന്ധിച്ച ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ആവശ്യങ്ങൾ നിറവേറ്റേണ്ട ചുമതല ഗ്രാമപഞ്ചായത്തിനാണ്. പ്രസ്തുത പട്ടികയിലെ 20-ാം ഇനം അനാഥപ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവു ചെയ്യുന്നതിനെപ്പറ്റിയാണ്. ഇതു സംബ ന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.)