കേരള ആയുർവേദ ആരോഗ്യ കേന്ദ്രങ്ങൾ (അംഗീകാരപത്രം നൽകലും നിയന്ത്രിക്കലും) ആക്റ്റ്, 2007

2007-ലെ കേരള ആയുർവേദ ആരോഗ്യ കേന്ദ്രങ്ങൾ (അംഗീകാരപ്രതം നൽകലും നിയന്ത്രിക്കലും) ആക്റ്റ്
2007-ലെ 28-ാം ആക്റ്റ്
സംസ്ഥാനത്തെ ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരപത്രം നൽകുന്നതിനും അവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു ആക്റ്റ്

പീഠിക- കേരള സംസ്ഥാനത്തെ ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരപത്രം നൽകുകയും അവയുടെ പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് യുക്തമായിരിക്കുകയാൽ, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അമ്പത്തി എട്ടാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമുണ്ടാക്കുന്നു. -

1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.- (1) ഈ ആക്റ്റിന് 2007-ലെ കേരള ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾ (അംഗീകാരപ്രത്രം നൽകലും നിയന്ത്രിക്കലും) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉണ്ടായിരിക്കുന്നതാണ്.
(3) ഇത് ഗസറ്റ് വിജ്ഞാപനം മൂലം സർക്കാർ നിശ്ചയിക്കുന്ന തീയതി മുതൽ പ്രാബല്യ ത്തിൽ വരുന്നതാണ്.

അദ്ധ്യായം 1
പ്രാരംഭം

2. നിർവ്വചനങ്ങൾ.- ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(എ) 'ആയുർവേദ ആരോഗ്യകേന്ദ്രം’ എന്നാൽ ആയുർവേദ ചികിത്സ നൽകുന്നതിനുള്ള, ഏതൊരു പേരിലും അറിയപ്പെടുന്ന, സ്ഥാപനമോ പരിസരമോ എന്നർത്ഥമാകുന്നതും എന്നാൽ, സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലോ നടത്തിപ്പിലോ ഉള്ള സ്ഥാപനങ്ങളും ആയുർവേദ മെഡിക്കൽ പ്രാക്ടീഷണർ കേവലം രോഗപരിശോധനയും മരുന്നു വിതരണവും മാത്രം നടത്തുന്ന ഡിസ്പെൻസറികളോ മരുന്നു വില്പനയ്ക്കുള്ള ഏജൻസികളോ ഇതിൽ ഉൾപ്പെടാത്തതുമാകുന്നു;
(ബി), “ഡയറക്ടർ' എന്നാൽ കേരള സംസ്ഥാന സർക്കാരിനു കീഴിലുള്ള ഭാരതീയ ചികിത്സാവകുപ്പ് ഡറക്ടർ എന്നർത്ഥമാകുന്നു.
(സി) ‘സർക്കാർ' എന്നാൽ കേരള സംസ്ഥാന സർക്കാർ എന്നർത്ഥമാകുന്നു.
(ഡി) ‘തദ്ദേശ സ്വയംഭരണ സ്ഥാപനം’ എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകൃതമായ ഒരു ഗ്രാമപഞ്ചായത്ത് എന്നോ 1994-ലെ കേരള മുനിസി പ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകൃതമായ ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു.
(ഇ) 'മാനേജർ' എന്നാൽ ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ ഉടമസ്ഥൻ അല്ലെങ്കിൽ അതിന്റെ ഭരണത്തിനും നടത്തിപ്പിനും ഉത്തരവാദപ്പെട്ട ആൾ എന്നർത്ഥമാകുന്നു.
(എഫ്) "തെറാപ്പിസ്റ്റ്/മാസ്സിയർ' എന്നാൽ ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശിക്കുന്ന ചികിത്സാ ജോലിക്കായി നിയോഗിക്കപ്പെട്ടതും നിർണ്ണയിക്കപ്പെട്ടപ്രകാരം അംഗീകൃത യോഗ്യത ഉള്ളതും ആയ ആൾ എന്നർത്ഥമാകുന്നു.


(ജി) "നഴ്സ്" എന്നാൽ ഒരു ആയുർവേദ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ജോലിക്ക് നിയോഗിക്കപ്പെട്ടതും നിർണയിക്കപ്പെട്ട തത്തുല്യമായ യോഗ്യതയുള്ളതുമായ ആൾ എന്നർത്ഥമാകുന്നു;
(എച്ച്) "നിർണ്ണയിക്കപ്പെട്ട"എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു
(ഐ) "അംഗീകാരപത്രം" എന്നാൽ ഡയറക്ടർ, ഈ ആക്റ്റിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ആവശ്യമായ പരിശോധനകൾക്കുശേഷം നൽകുന്ന അംഗീകാരപത്രം എന്നർത്ഥമാകുന്നു;
(ജെ) "മെഡിക്കൽ പ്രാക്ടീഷണർ" എന്നാൽ 1953-ലെ തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്റ്റ് (1953-ലെ 9-ാം ആക്റ്റ്) പ്രകാരമോ (1970-ലെ ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ആക്റ്റ് (1970-ലെ 48-ാം കേന്ദ്ര ആക്റ്റ്) പ്രകാരമോ രജിസ്റ്റർ ചെയ്തിട്ടുള്ള ആയുർവ്വേദ മെഡിക്കൽ പ്രാക്ടീഷണർ എന്നർത്ഥമാകുന്നു;
(കെ) "സംസ്ഥാനം" എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നു;
(എൽ) "ചികിത്സ" എന്നാൽ ഏതെങ്കിലും പ്രത്യേക രോഗത്തിന്റെ ശമനത്തിനായോ അഥവാ ഏതെങ്കിലും ആളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയോ ആയുർവേദ ചികിത്സാ സമ്പ്രദായ പ്രകാരം നടത്തുന്ന എല്ലാവിധ ചികിത്സാവിധികളും എന്നർത്ഥമാകുന്നു.
അദ്ധ്യായം 2
അംഗീകാരപ്രതം നൽകലും നിയന്ത്രണവും

3. ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരം നൽകൽ. (1) ഈ ആക്റ്റ് പ്രാബല്യത്തിൽ വന്നതിനുശേഷം, ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ ആ തദ്ദേശസ്വയംഭരണ സ്ഥാപനം നൽകിയിട്ടുള്ള ലൈസൻസിന് പുറമേ, ഈ ആക്ടിന്റെ 6-ാം വകുപ്പ് പ്രകാരം നൽകപ്പെടുന്ന അംഗീകാരപത്രം കൂടി ഇല്ലാതെ, യാതൊരാളും യാതൊരു ആയുർവേദ ആരോഗ്യകേന്ദ്രവും നടത്തുവാൻ പാടുള്ളതല്ല.

(2) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന സമയത്ത് ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ സംഗതിയിൽ, ഈ ആക്ടിന്റെ പ്രാരംഭ തീയതി മുതൽ ആറുമാസത്തിനകം അതിന് ഈ ആക്ട് പ്രകാരമുള്ള അംഗീകാരം ലഭിച്ചിരിക്കേണ്ടതും അപ്രകാരം അംഗീകാരം ലഭിക്കാതിരിക്കുകയോ അപ്രകാരമുള്ള അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്യുന്ന പക്ഷം മേൽപ്പറഞ്ഞ ആറുമാസക്കാലാവധിക്കുശേഷം അങ്ങനെയുള്ള കേന്ദ്രത്തിന്റെ പ്രവർത്തനം തുടരാൻ പാടില്ലാത്തതുമാകുന്നു.

(3) 6-ാം വകുപ്പ് പ്രകാരം ലഭിക്കുന്ന അംഗീകാരപത്രത്തിന്റെ കാലാവധി അത് ലഭിക്കുന്ന തീയതി മുതൽ മൂന്നു വർഷത്തേക്കുമാത്രം ആയിരിക്കുന്നതും ആയത് ഓരോ മൂന്നു വർഷം കൂടുമ്പോഴും പുതുക്കേണ്ടതുമാണ്.

4. അംഗീകാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ.-(1) ആയുർവേദ ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അവയെ കാറ്റഗറി (എ), കാറ്റഗറി (ബി), കാറ്റഗറി (സി) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നതും അവയ്ക്കുണ്ടായിരിക്കേണ്ട സൗകര്യങ്ങൾ താഴെപ്പറയുന്ന പ്രകാരമായിരിക്കേണ്ടതുമാണ്, അതായത്.-

I കാറ്റഗറി (എ)
(i) രോഗികൾക്ക് പ്രത്യേക മുറികളിലോ വാർഡിലോ സൗകര്യപ്രദമായ താമസ സൗകര്യം ഉണ്ടായിരിക്കേണ്ടതാണ്;
(ii) പതിനഞ്ച് കിടക്കകൾക്ക് ഒന്ന് എന്ന അനുപാതത്തിൽ ചികിത്സാമുറികൾ ഉണ്ടായിരിക്കേണ്ടതാണ്;
(iii) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ചുണ്ടായിരിക്കേണ്ടതുമാണ്;


(iv) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള ദ്രോണി ചികിത്സാമുറിയി ലുണ്ടായിരിക്കേണ്ടതാണ്;
(v) ചികിത്സാമുറിയിൽ ശുദ്ധജലവും വായുവും വെളിച്ചവും ലഭ്യമായിരിക്കേണ്ടതാണ്.
(vi) സ്റ്റൗ, വൃത്തിയുള്ള അനുബന്ധോപകരണങ്ങൾ എന്നിവ ചികിത്സാമുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്;
(vii) പരിശോധനമേശകൾ, സ്റ്റെതസ്കോപ്പ്, ബി.പി. അപ്പാരറ്റസ് എന്നീ ഉപകരണങ്ങളോടുകൂടിയ, മെഡിക്കൽ പ്രാക്ടീഷണറുടെ പരിശോധനാമുറി ഉണ്ടായിരിക്കേണ്ടതാണ്.
(viii) ശാസ്ത്രീയമായി നിർമ്മിച്ച വസ്തിയന്ത്രം, ആവശ്യമായ പാത്രങ്ങൾ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്;
(ix) മുഴുവൻ സമയ സേവനം നടത്തുന്ന, കുറഞ്ഞത് ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്;
(x) കുറഞ്ഞത്, രണ്ട് പുരുഷ തെറാപ്പിസ്റ്റുകൾ/മാസ്സിയർ, രണ്ട് സ്ത്രീ തെറാപ്പിസ്റ്റു കൾ/മാസ്സിയർ ഉണ്ടായിരിക്കേണ്ടതും തെറാപ്പിസ്റ്റ്/മാസ്സിയർമാരുടെ അനുപാതം, നിർണ്ണയിക്കപ്പെടുന്ന പ്രകാരം, ചികിത്സാമുറിയുടെ എണ്ണമനുസരിച്ച് കൂട്ടേണ്ടതുമാണ്;
(xi) ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ മുഴുവൻ സമയ സേവനം നടത്തുന്ന ഒരു നഴ്സ് ഉണ്ടായിരിക്കേണ്ടതും പത്ത് കിടക്കയിൽ കൂടുതലായി വരുന്നെങ്കിൽ, പത്തിന് ഒന്ന് എന്ന അനുപാതത്തിൽ നഴ്സുമാർ ഉണ്ടായിരിക്കേണ്ടതുമാണ്;
(xii) ശുചീകരണം തുടങ്ങിയ ജോലികൾക്ക് ആവശ്യമായ ജീവനക്കാർ ഉണ്ടായിരി ക്കേണ്ടതുമാണ്;
(xiii)ചികിത്സാകേന്ദ്രത്തിൽ ഉത്തരവാദപ്പെട്ട ഒരു മാനേജർ ഉണ്ടായിരിക്കേണ്ടതാണ്.
II കാറ്റഗറി (ബി)
(i) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്ക്കലറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ച ഉണ്ടായിരിക്കേണ്ടതുമാണ്;
(ii) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള ദ്രോണി ചികിത്സാമുറിയി ലുണ്ടായിരിക്കേണ്ടതാണ്;
(iii) ചികിത്സാമുറിയിൽ ശുദ്ധജലം, വായു, വെളിച്ചം എന്നിവ ലഭ്യമായിരിക്കേണ്ടതാണ്;
(iv) സ്റ്റൗ, വൃത്തിയുള്ള അനുബസോപകരണങ്ങൾ എന്നിവ ചികിത്സാമുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്;
(v) പരിശോധനാമേശകൾ, സ്റ്റെതസ്കോപ്പ്, ബി.പി. അപ്പാരറ്റസ് എന്നീ ഉപകരണങ്ങളോടുകൂടിയ, മെഡിക്കൽ പ്രാക്ടീഷണറുടെ പരിശോധനാമുറി ഉണ്ടായിരിക്കേണ്ടതാണ്;
(vi) കുറഞ്ഞത്, ഒരു പുരുഷ തെറാപ്പിസ്റ്റ്/മാസ്സിയറും ഒരു സ്ത്രീ തെറാപ്പിസ്റ്റ്/മാസ്സി യറും ഉണ്ടായിരിക്കേണ്ടതും തെറാപ്പിസ്റ്റ്/മാസ്സിയർമാരുടെ അനുപാതം നിർണ്ണയിക്കപ്പെടുന്ന പ്രകാരം, ചികിത്സാമുറിയുടെ എണ്ണമനുസരിച്ച് കൂട്ടേണ്ടതുമാണ്;
(vii) ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറുടെ സേവനം പ്രവൃത്തിസമയത്ത് ലഭ്യമായിരിക്കേണ്ടതാണ്.
III കാറ്റഗറി (സി)
(i) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ച് ഉണ്ടായിരിക്കേണ്ടതുമാണ്;
(ii) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള ദ്രോണിയോ വലിയ മേശയോ ചികിത്സാമുറിയിലുണ്ടായിരിക്കേണ്ടതാണ്;
(iii) ചികിത്സാമുറിയിൽ ശുദ്ധജലം, വായു, വെളിച്ചം എന്നിവ ലഭ്യമായിരിക്കേണ്ടതാണ്;
(iv) സ്റ്റൗ, വൃത്തിയുള്ള അനുബന്ധോപകരണങ്ങൾ എന്നിവ ചികിത്സാ മുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്;
(v) പരിശോധനാമേശകൾ, സ്റ്റെതസ്കോപ്പ്, ബി.പി. അപ്പാരറ്റസ് എന്നീ പരിമിതമായ ഉപകരണങ്ങളോടുകൂടിയ, മെഡിക്കൽ പ്രാക്ടീഷണറുടെ പരിശോധനാമുറി ഉണ്ടായിരിക്കേണ്ടതാണ്;
(vi) കുറഞ്ഞത്, ഒരു പുരുഷ തെറാപ്പിസ്റ്റ്/മാസ്സിയറും ഒരു സ്ത്രീ തെറാപ്പിസ്റ്റ്/മാസ്സിയറും ഉണ്ടായിരിക്കേണ്ടതും തെറാപ്പിസ്റ്റ്/മാസ്സിയർമാരുടെ അനുപാതം നിർണ്ണയിക്കപ്പെടുന്ന പ്രകാരം, ചികിത്സാമുറിയുടെ എണ്ണമനുസരിച്ച് കൂട്ടേണ്ടതുമാണ്;
(vii) ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറുടെ സേവനം പ്രവൃത്തിസമയത്ത് ലഭ്യമായിരിക്കേണ്ടതാണ്;
വിശദീകരണം- കാറ്റഗറി (സി)-യിൽ സ്വതന്ത്രമായ ആരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടാത്തതും എന്നാൽ മറ്റ് സ്ഥാപനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടുന്നതുമാകുന്നു.

(2) കാറ്റഗറി (ബി)-യിൽ ഉൾപ്പെട്ട ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ ചെയ്യാൻ പാടില്ലാത്തതാണ്. കാറ്റഗറി (സി)-യിൽ ഉൾപ്പെട്ട ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ സങ്കീർണ്ണമായ ചികിത്സാരീതികളും പഞ്ചകർമ്മ ചികിത്സാരീതികളായ വമനം, വിരേചനം, വസ്തി, നസ്യം തുടങ്ങിയവയും ചെയ്യാൻ പാടില്ലാത്തതും എന്നാൽ, ഉഴിച്ചിൽ, ഉദ്ധാർത്തനം എന്നിവ ചെയ്യാവുന്നതുമാണ്.

(3) എല്ലാ കാറ്റഗറിയിലും പെട്ട ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്കും താഴെ പറയുന്ന പൊതു വ്യവസ്ഥകൾ ബാധകമായിരിക്കുന്നതാണ്, അതായത്.-

(1) തെറാപ്പിസ്റ്റ്/മാസ്സിയർ പ്രവൃത്തിസമയത്ത്, നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള യൂണിഫാറം ധരിക്കേണ്ടതാണ്;
(2) ഒരു കേന്ദ്രത്തിൽ ചികിത്സക്കായി എത്തുന്ന പുരുഷന്മാർക്ക് പുരുഷ തെറാപ്പിസ്റ്റ്/ മാസ്സിയറും സ്ത്രീകളെ സ്ത്രീ തെറാപ്പിസ്റ്റ്/മാസ്സിയറും മാത്രമേ ചികിത്സാജോലി നിർവ്വഹിക്കാൻ പാടുള്ളൂ;
(3) ഗുണനിലവാരമുള്ള ഔഷധങ്ങൾ മാത്രം, ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ, ചികിത്സക്കായി ഉപയോഗിക്കുവാൻ പാടുള്ളതും ഔഷധങ്ങളുടെ ചേരുവകകൾ പരിശോധകനെ ബോധ്യപ്പെടുത്തേണ്ടതുമാണ്;
(4) ഒരു ചികിത്സാർത്ഥിക്ക് ഉപയോഗിച്ച മരുന്നുകളും എണ്ണകളും മറ്റൊരാൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തതും അവയും മറ്റു മാലിന്യങ്ങളും, പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത വിധത്തിൽ നശിപ്പിക്കുകയോ നിർമ്മാർജ്ജനം ചെയ്യുകയോ ചെയ്യുവാനുള്ള സംവിധാനം അപ്രകാരമുള്ള ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ ഉണ്ടായിരിക്കേണ്ടതുമാണ്;
(5) ഏതൊരു ആയുർവേദ ആരോഗ്യകേന്ദ്രവും ആരോഗ്യകരമായ ചുറ്റുപാടുകളിൽ മാത്രം സ്ഥാപിച്ചിരിക്കേണ്ടതും ശബ്ദമലിനീകരണത്തിൽ നിന്നും കഴിയുന്നതും വിമുക്തമായിരിക്കേണ്ടതുമാണ്;
(6) ഓരോ ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെയും പേരും അംഗീകാരപ്രതത്തിന്റെ നമ്പരും വിശദാംശങ്ങളും പ്രവർത്തനസമയവും, അതുനടത്തുന്ന കെട്ടിടത്തിലോ പരിസരത്തോ പുറമേനിന്ന് പ്രകടമായി കാണത്തക്കവിധം പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്;
(7) ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള രജിസ്റ്ററും കേസ് ഷീറ്റും സൂക്ഷിക്കേണ്ടതാണ്;
(8) ഓരോ ആയുർവേദ ആരോഗ്യകേന്ദ്രവും ആ കേന്ദ്രത്തിലെ ജീവനക്കാരുടെ വിശദ വിവരങ്ങൾ, പ്രവൃത്തിസമയം, അവിടെ നൽകുന്ന ചികിത്സാരീതി, ചികിത്സയ്ക്ക് ഓരോ ഇനത്തിലും നിശ്ചയിച്ചിട്ടുള്ള ഫീസ് എന്നിവ, നിർണ്ണയിക്കപ്പെടുന്ന പ്രകാരം പ്രദർശിപ്പിക്കേണ്ടതാണ്.
(9) യാതൊരു ആയുർവേദ ആരോഗ്യകേന്ദ്രവും കരയിലോ ജലത്തിലോ ഉപയോഗിക്കുന്ന വാഹനങ്ങളിൽ പ്രവർത്തിക്കുവാൻ പാടില്ലാത്തതാകുന്നു.

5. ഡയറക്ടറുടെ അധികാരങ്ങളും കർത്തവ്യങ്ങളും.-(1) ഏതെങ്കിലും ആയുർവേദ ആരോഗ്യകേന്ദ്രത്തിന് അംഗീകാരം നൽകുന്നതിനോ പുതുക്കുന്നതിനോ ആവശ്യമായ അംഗീകാര പ്രതം നൽകുന്നതിനുള്ള അധികാരം ഡയറക്ടർക്ക് ആയിരിക്കുന്നതാണ്.

(2) നാലാം വകുപ്പ് പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്ന് സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറും ഡയറക്ടർ നിർദ്ദേശിക്കുന്ന അതാതു ജില്ലയിലെ സീനിയറായ ഒരു ആയുർവേദ മെഡിക്കൽ ഓഫീസറും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിക്കുന്ന ഏതെങ്കിലും സർക്കാർ ആയുർവേദ കോളേജിലെ കായ ചികിത്സാ-പഞ്ചകർമ്മ വകുപ്പിലെ ഒരു ഡോക്ടറും ഉൾപ്പെടുന്ന മൂന്നംഗ സമിതി പരിശോധന നടത്തി സാക്ഷ്യപ്പെടുത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ അംഗീകാരപത്രം നൽകാൻ പാടുള്ളതും അംഗീകാരപ്രതത്തിൽ ഏതു കാറ്റഗറിയിൽപ്പെട്ട ആയുർവേദകേന്ദ്രമാണെന്ന് വ്യക്തമാക്കേണ്ടതുമാണ്.
(3) ഡയറക്ടർക്കോ രണ്ടാം ഉപവകുപ്പിൽ പരാമർശിക്കുന്ന പരിശോധനാ സമിതിക്കോ, പരാതിയിന്മേലോ, സ്വമേധയായോ, ഏതൊരു ആയുർവേദ ആരോഗ്യ കേന്ദ്രത്തിലും പ്രവേശിക്കുവാനും 4-ാം വകുപ്പുപ്രകാരമുള്ള വ്യവസ്ഥകൾ ആ കേന്ദ്രം പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുവാനുമുള്ള അധികാരം ഉണ്ടായിരിക്കുന്നതുമാണ്.
(4) (2)-ാം ഉപവകുപ്പു പ്രകാരമോ (3)-ാം ഉപവകുപ്പു പ്രകാരമോ ഉള്ള പരിശോധനയ്ക്കായി അപ്രകാരമുള്ള കേന്ദ്രത്തിലെ വസ്തുക്കളും രജിസ്റ്ററുകളും രേഖകളും മറ്റും ആവശ്യപ്പെടുന്നതിനും അവ കണ്ടെത്തുന്നതിനും ആവശ്യമായ തിരച്ചിൽ നടത്തുന്നതിനും അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
(5) ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ ഈ ആക്ട് പ്രകാരമുള്ള പരിശോധനയോ തിരച്ചിലോ നടത്തുന്നതിന് (2)-ാം ഉപവകുപ്പിൽ പറയുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുക്കുവാൻ ആ ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ മാനേജർക്ക് കടമയും ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതാണ്.
(6) (2)-ാം ഉപവകുപ്പിൽ പറയുന്ന ഉദ്യോഗസ്ഥർക്ക്, ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ ഈ ആക്ട് പ്രകാരമുള്ള പരിശോധനയോ തിരച്ചിലോ നടത്തുന്നതിന് നിയമാനുസൃതമായ സഹായം ചെയ്യാതിരിക്കുകയോ തടസ്സം ചെയ്യുകയോ ചെയ്യുന്ന ഏതൊരാളും ഈ ആക്ട് പ്രകാരമുള്ള ഒരു കുറ്റം ചെയ്തതായി കണക്കാക്കപ്പെടുന്നതാണ്.

6. അംഗീകാരപത്രത്തിനുള്ള അപേക്ഷയും ഫീസും.- (1) ഒരു ആയുർവേദ ആരോ ഗ്യകേന്ദ്രത്തിന് അംഗീകാരപത്രം ലഭിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഏതൊരു അപേക്ഷയും, ഡയറക്ടർക്ക്, നിർണ്ണയിക്കപ്പെട്ട ഫീസ് സഹിതം നിർണ്ണയിക്കപ്പെട്ട ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്.

(2) ഡയറക്ടർ, അംഗീകാരപത്രം ലഭിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷയിന്മേൽ നിർണ്ണയിക്കപ്പെട്ട സമയത്തിനകം തീരുമാനം എടുക്കേണ്ടതാണ്.

7. അംഗീകാരപത്രം റദ്ദാക്കൽ. (1) 5-ാം വകുപ്പ് (3)-ാം ഉപവകുപ്പു പ്രകാരം നടത്തിയ ഏതെങ്കിലും പരിശോധനയിൽ ഒരു ആയുർവേദ ആരോഗ്യകേന്ദ്രം വ്യവസ്ഥകൾ പാലിക്കാത്തതായോ ലംഘിക്കുന്നതായോ കാണുന്നപക്ഷം, അപ്രകാരമുള്ള വീഴ്ചകളോ ന്യൂനതകളോ പ്രത്യേകം പറഞ്ഞുകൊണ്ടും അതിൽ പ്രത്യേകം പറഞ്ഞിട്ടുള്ള സമയപരിധിക്കുള്ളിൽ അവ പരിഹരിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള ഒരു നോട്ടീസ് ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മെഡിക്കൽ ഓഫീസറോ അപ്രകാരമുള്ള ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ മാനേജർക്ക് നൽകേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള ഏതെങ്കിലും വീഴ്ചകളോ ന്യൂനതകളോ ആ നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട ആയുർവേദ ആരോഗ്യകേന്ദ്രം പരിഹരിക്കേണ്ടതും അപ്രകാരം പരിഹരിച്ച വിവരം അങ്ങനെയുള്ള ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ മാനേജർ, (1)-ാം ഉപവകുപ്പുപ്രകാരം നോട്ടീസ് നൽകിയ ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.
(3) (1)-ാം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള ഏതെങ്കിലും വീഴ്ച കളോ ന്യൂനതകളോ ആ നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള സമയപരിധിക്കുള്ളിൽ പരിഹരിച്ചതായി (2)-ാം ഉപവകുപ്പു പ്രകാരമുള്ള അറിയിപ്പ് ലഭിച്ചാൽ, അങ്ങനെയുള്ള കേന്ദ്രം (1)-ാം ഉപവകുപ്പിൽ പറയുന്ന ഉദ്യോഗസ്ഥർ, വീണ്ടും പരിശോധിക്കേണ്ടതും ആ അറിയിപ്പു പ്രകാരമുള്ള പരിഹാരങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
(4) (1)-ാം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള വീഴ്ചകളോ ന്യൂന തകളോ ബന്ധപ്പെട്ട ആയുർവേദ ആരോഗ്യകേന്ദ്രം പരിഹരിച്ചിട്ടില്ല എന്ന് തെളിയുകയോ അഥവാ അപ്രകാരമുള്ള നോട്ടീസ് നിരസിക്കുകയോ ചെയ്യുന്നപക്ഷം, ഡയറക്ടർ, അപ്രകാരമുള്ള ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ അംഗീകാരപത്രം നിശ്ചിത കാലയളവിലേക്ക് സസ്പെന്റ് ചെയ്യേണ്ടതും പ്രസ്തുത കാലയളവിന് ശേഷവും ന്യൂനതകൾ പരിഹരിച്ചിട്ടില്ലെന്ന് പരിശോധനയിൽ തെളിയുന്ന പക്ഷം പ്രസ്തുത കേന്ദ്രത്തിനുള്ള അംഗീകാരപത്രം റദ്ദ് ചെയ്യേണ്ടതുമാണ്.

8. ശിക്ഷ.-(1) ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി, അംഗീകാരപത്രം കൂടാതെ ഏതെങ്കിലും ആയുർവേദ ആരോഗ്യകേന്ദ്രം സ്ഥാപിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതൊരാളും, കുറ്റസ്ഥാപനത്തിന്മേൽ ആറുമാസത്തിൽ കുറയാത്ത തടവുശിക്ഷയും ഒരു ലക്ഷം രൂപവരെയാകാവുന്ന പിഴയും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പിൽ പറഞ്ഞതൊഴികെ, ഈ ആക്ട് പ്രകാരമുള്ള ഒരു കുറ്റം ചെയ്യുന്ന ഏതൊരാളും, കുറ്റസ്ഥാപനത്തിൻമേൽ, അൻപതിനായിരം രൂപവരെയാകാവുന്ന പിഴ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

9. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ-(1) ഈ ആക്ട് പ്രകാരമുള്ള ഒരു കുറ്റം ചെയ്തിട്ടുള്ളത് ഒരു കമ്പനിയാണെങ്കിൽ, ആ കുറ്റം ചെയ്ത സമയത്ത് കമ്പനിയുടെ കാര്യാദികൾ നടത്തുന്നതിനായി അതിന്റെ ചുമതല വഹിക്കുകയും, കമ്പനിയോട് ഉത്തരവാദപ്പെട്ടിരിക്കുകയും ചെയ്യുന്ന ഏതൊരാളും, ആ കമ്പനിയും, ആ കുറ്റം ചെയ്തതായി കരുതപ്പെടുന്നതും അതിനനുസരിച്ച നടപടിയെടുത്ത് ശിക്ഷിക്കപ്പെടുന്നതിന് വിധേയനോ വിധേയമോ ആയിരിക്കുന്നതുമാണ്.

എന്നാൽ, കുറ്റം ചെയ്തിട്ടുള്ളത് തന്റെ അറിവോടുകൂടിയല്ലെന്നോ അഥവാ അങ്ങനെയുള്ള കുറ്റം തടയുന്നതിനായി താൻ യഥാവിധി എല്ലാ ശ്രദ്ധയും ചെലുത്തിയിരുന്നുവെന്നോ അയാൾ തെളിയിക്കുകയാണെങ്കിൽ ഈ ഉപവകുപ്പിൽ അടങ്ങിയ യാതൊന്നും തന്നെ അങ്ങനെയുള്ള യാതൊരാളെയും യാതൊരു ശിക്ഷയ്ക്കും വിധേയനാക്കുന്നതല്ല.
(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്ട് പ്രകാരമുള്ള ഒരു കുറ്റം ഒരു കമ്പനി ചെയ്തിരിക്കുകയും കമ്പനിയുടെ ഏതെങ്കിലും ഡയറക്ടറുടെയോ മാനേജരുടെയോ സെക്രട്ടറിയുടെയോ അഥവാ കമ്പനിയുടെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെയോ മൗനാനുവാദത്തോടെയോ അഥവാ അശ്രദ്ധമൂലമോ ആണ് ആ കുറ്റം ചെയ്തിട്ടുള്ളതെന്ന് തെളിയുകയും ചെയ്യു ന്നപക്ഷം പ്രസ്തുത ഡയറക്ടറോ മാനേജരോ സെക്രട്ടറിയോ അഥവാ മറ്റു ഉദ്യോഗസ്ഥനോ കൂടി ആ കുറ്റം ചെയ്തതായി കരുതപ്പെടേണ്ടതും അതനുസരിച്ചുള്ള നടപടികൾക്കും ശിക്ഷയ്ക്കും വിധേയനായിരിക്കുന്നതുമാണ്.

വിശദീകരണം- ഈ ഉപവകുപ്പിന്റെ ആവശ്യങ്ങൾക്കായി.-

(എ) "കമ്പനി" എന്നാൽ ഒരു ഏകാംഗീകൃത നികായം എന്നർത്ഥമായിരിക്കുന്നതും അതിൽ ഒരു ഫേമോ ആളുകളുടെ മറ്റു സംഘമോ സംഘടനയോ സഹകരണസംഘമോ ഉൾപ്പെടുന്നതുമാകുന്നു.
(ബി) ഒരു ഫേമിനെ സംബന്ധിച്ച "ഡയറക്ടർ" എന്നാൽ അതിലെ ഒരു പങ്കാളിയെന്നർത്ഥമാകുന്നു.

10. കുറ്റങ്ങൾ വിചാരണയ്ക്കക്കെടുക്കൽ. - യാതൊരു കോടതിയും, ഈ ആക്ടിൻ കീഴിൽ ശിക്ഷിക്കപ്പെടാവുന്ന യാതൊരു കുറ്റവും കുറ്റത്തിന്റെ സ്വഭാവം സംബന്ധിച്ചുള്ള വസ്തുതകൾ അടങ്ങിയ ഡയറക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഭാരതീയ ചികിത്സാവകുപ്പിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ പദവിയിൽ കുറയാതെയുള്ള ഒരു ഉദ്യോഗസ്ഥന്റെയോ റിപ്പോർട്ടിന്മേലല്ലാതെ വിചാരണയ്ക്കക്കെടുക്കുവാൻ പാടുള്ളതല്ല.

11. അപ്പീൽ- (1) ഈ ആക്ട് പ്രകാരം ഡയറക്ടർ പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാളും, അങ്ങനെയുള്ള ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം, സർക്കാരിന് അപ്പീൽ സമർപ്പിക്കാവുന്നതും സർക്കാർ, അപ്പീൽ സമർപ്പിച്ച ആൾക്ക് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയതിനുശേഷം, തനിക്ക് ഉചിതമെന്ന് തോന്നുന്ന വിധത്തിൽ, അപ്പീലിന് വിധേയമായ ഉത്തരവ് സ്ഥിരീകരിച്ചുകൊണ്ടോ ഭേദഗതി ചെയ്തതു കൊണ്ടോ റദ്ദാക്കിക്കൊണ്ടോ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.

(2) (1)-ാം ഉപവകുപ്പു പ്രകാരം സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവ് അന്തിമമായിരിക്കുന്നതാണ്.
അദ്ധ്യായം 3
പലവക

12. ചട്ടങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരം.-(1) സർക്കാരിനെ, ഈ ആക്ടിന്റെ ആവശ്യങ്ങൾ എല്ലാമോ അവയിലേതെങ്കിലുമോ നടപ്പിലാക്കുന്നതിനുവേണ്ടി, ഗസറ്റ് വിജ്ഞാപനം വഴി, പിൽക്കാല പ്രാബല്യത്തോടെയോ മുൻകാല പ്രാബല്യത്തോടെയോ ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(2) പ്രത്യേകിച്ചും, മുൻപറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക് ഭംഗം വരാതെയും, അങ്ങനെയുള്ള ചട്ടങ്ങളിൽ താഴെപ്പറയുന്ന സംഗതികൾ എല്ലാമോ അവയിലേതെങ്കിലുമോ സംബന്ധിച്ച വ്യവസ്ഥ ചെയ്യാവുന്നതാണ്. അതായത്:-
(എ.) ഈ ആക്ട് മൂലം നിർണ്ണയിക്കപ്പെടണമെന്ന് പ്രത്യക്ഷമായി ആവശ്യപ്പെടുകയോ അനുവദിക്കുകയോ ചെയ്തിട്ടുള്ള എല്ലാ സംഗതികളും;
(ബി) നിർണ്ണയിക്കപ്പെടേണ്ടതോ നിർണ്ണയിക്കപ്പെടാവുന്നതോ ആയ മറ്റേതെങ്കിലും സംഗതി.
(3) ഈ ആക്ട് പ്രകാരം ഉണ്ടാക്കുന്ന ഏതൊരു ചട്ടവും അതുണ്ടാക്കിയശേഷം, കഴിയുന്നത്ര വേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ, സഭ മുൻപാകെ, ഒരു സമ്മേളനത്തിലോ തുടർച്ചയായ രണ്ട് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേണ്ടതും, അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ ഏതെങ്കിൽ രൂപഭേദം വരുത്തുകയോ അഥവാ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം, ആ ചട്ടത്തിന് അതിനുശേഷം, അതത് സംഗതിപോലെ, അങ്ങനെ രൂപഭേദപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബല്യം ഉണ്ടായിരിക്കുകയോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതും; എന്നിരുന്നാലും അപ്രകാരമുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ ആ ചട്ടത്തിൻകീഴിൽ മുൻപ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായി രിക്കുന്നതുമാണ്.

13. വൈഷമ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അധികാരം.- (1) സർക്കാരിന്, ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ എന്തെങ്കിലും വൈഷമ്യങ്ങൾ നേരിടുന്നപക്ഷം ആ വൈഷമ്യങ്ങൾ നീക്കം ചെയ്യുന്നതിന്, സന്ദർഭം ആവശ്യപ്പെടുന്ന പ്രകാരം, ഈ ആക്ടിലെ വ്യവസ്ഥകൾക്ക് അസംഗതമല്ലാത്തതും ആവശ്യമോ യുക്തമോ ആയി തോന്നുന്നതും ആയ എന്തും ഉത്തരവുമൂലം ചെയ്യാവുന്നതാണ്. എന്നാൽ, അങ്ങനെയുള്ള യാതൊരു ഉത്തരവും ഈ ആക്ടിന്റെ പ്രാരംഭ തീയതി മുതൽ രണ്ട് വർഷം കഴിഞ്ഞതിനുശേഷം പുറപ്പെടുവിക്കാൻ പാടുള്ളതല്ല.

(2) ഈ വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച ഓരോ ഉത്തരവും അത് പുറപ്പെടുവിച്ചതിനുശേഷം, കഴിയുന്നത്ര വേഗം, നിയമസഭ മുൻപാകെ വയ്ക്കക്കേണ്ടതാണ്.

14. റദ്ദാക്കലും ഒഴിവാക്കലും.-(1) 2007-ലെ കേരള ആയുർവേദ ആരോഗ്യ കേന്ദ്രങ്ങൾ (അംഗീകാരപത്രം നൽകലും നിയന്ത്രിക്കലും) ഓർഡിനൻസ് (2007-ലെ 43) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്ടിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ്.